Radha Krishna deities adorned with flower garlands on temple altar with pink backdrop
    Krishna sacred lotus feet divine symbols spiritual worship
    ← English / Back to ശ്രീ ശിക്ഷാഷ്ടകം

    മറ്റ് ഭാഷകളിൽ ലഭ്യമാണ്:

    ↗ മംഗള ആരതി

    ശ്രീ ശിക്ഷാഷ്ടകം

    ശ്രീ ചൈതന്യ മഹാപ്രഭു നേരിട്ട് രചിച്ച ഈ എട്ടു ശ്ലോകങ്ങൾ പൂർണ്ണ കൃഷ്ണാവബോധത്തിൻറെ സാരമാണ്.

    കൃഷ്ണകൃപാമൂർത്തി ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർക്ക് കൃതജ്ഞതയോടെ.

    സംസ്കൃത ശ്ലോകങ്ങൾ

    ശ്ലോകം 1

    ചേതോ-ദർപണ-മാർജനം ഭവ-മഹാ-ദാവാഗ്നി-നിർവാപണം / ശ്രേയഃ-കൈരവ-ചന്ദ്രികാ-വിതരണം വിദ്യാ-വധൂ-ജീവനമ് । ആനന്ദാമ്ബുധി-വർധനം പ്രതി-പദം പൂർണാമൃതാസ്വാദനം / സർവാത്മ-സ്നപനം പരം വിജയതേ ശ്രീ-കൃഷ്ണ-സങ്കീർത്തനമ് ॥

    അർത്ഥം: ഹൃദയമാകുന്ന കണ്ണാടിയെ വൃത്തിയാക്കുന്നതും ജനനമരണങ്ങളുടെ വലിയ കാട്ടുതീ കെടുത്തുന്നതുമായ ശ്രീകൃഷ്ണ സങ്കീർത്തനത്തിന് പരമവിജയമുണ്ടാകട്ടെ. അത് ആത്മീയ നന്മയാകുന്ന വെളുത്ത ആമ്പൽപ്പൂക്കൾ വിരിയിക്കുന്ന നിലാവാണ്, സകല അറിവുകളുടെയും ജീവാനന്ദമാണ്. അത് എന്നെന്നും ഒഴുകുന്ന ആനന്ദത്തിന്റെ സമുദ്രത്തെ വർദ്ധിപ്പിക്കുകയും എല്ലാ ചുവടുകളിലും അമൃത് നുകരാൻ നമ്മെ സഹായിക്കുകയും നമ്മുടെ സർവ്വാത്മാവിനേയും ശുദ്ധമാക്കുകയും ചെയ്യുന്നു.

    ശ്ലോകം 2

    നാമ്നാം അകാരി ബഹുധാ നിജ-സർവ-ശക്തിസ് / തത്രാർപിതാ നിയമിതഃ സ്മരണേ ന കാലഃ । ഏതാദൃശീ തവ കൃപാ ഭഗവൻ മമാപി / ദുർദൈവം ഈദൃശം ഇഹാജനി നാനുരാഗഃ ॥

    അർത്ഥം: ഹേ ഭഗവൻ! അങ്ങ് ജീവജാലങ്ങളെ ഉദ്ധരിക്കുന്നതിനായി അങ്ങയുടെ തിരുനാമങ്ങളെ അനേകം രൂപങ്ങളിൽ വെളിപ്പെടുത്തുകയും അവിടുത്തെ എല്ലാ ശക്തികളും അവയിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ നാമങ്ങൾ ജപിക്കുന്നതിനോ ഓർമ്മിക്കുന്നതിനോ യാതൊരു കർശനമായ നിയമങ്ങളോ സമയക്രമങ്ങളോ ഇല്ല. ഹേ പ്രഭോ, ഇത് അങ്ങയുടെ വലിയ കാരുണ്യമാണ്. എന്നാൽ എന്റെ നിർഭാഗ്യം നോക്കൂ, എനിക്കിപ്പോഴും അങ്ങയുടെ ഈ നാമങ്ങളോട് യാതൊരു അനുരാഗവുമില്ലല്ലൊ.

    ശ്ലോകം 3

    തൃണാദപി സുനീചേന / തരോരപി സഹിഷ്ണുനാ । അമാനിനാ മാനദേന / കീർത്തനീയഃ സദാ ഹരിഃ ॥

    അർത്ഥം: വഴിയിൽ കിടക്കുന്നൊരു പുൽക്കൊടിയേക്കാൾ വിനയമുള്ളവനും, വെട്ടുന്നവന് പോലും തണൽ നൽകുന്ന മരത്തേക്കാളും സഹനശക്തിയുള്ളവനുമായി ആർക്കും ബഹുമാനം നൽകുവാൻ സദാ സന്നദ്ധനായി, എന്നാൽ ഒരു ബഹുമാനവും തിരികെ ആഗ്രഹിക്കാതെ ഓരോരുത്തരും ഭഗവാൻ ഹരിയുടെ നാമം നിരന്തരം ജപിക്കണം.

    ശ്ലോകം 4

    ന ധനം ന ജനം ന സുന്ദരീം / കവിതാം വാ ജഗദീശ കാമയേ । മമ ജന്മനി ജന്മനീശ്വരേ / ഭവതാദ് ഭക്തിരഹൈതുകീ ത്വയി ॥

    അർത്ഥം: ഹേ ജഗദീശ്വരാ, എനിക്ക് ധനമോ അനുയായികളോ സുന്ദരികളായ സ്ത്രീകളോ വലിയ പാണ്ഡിത്യമോ ഒന്നും ആവശ്യമില്ല. ജന്മജന്മാന്തരങ്ങളിൽ അങ്ങയുടെ പാദാരവിന്ദങ്ങളിൽ യാതൊരു സ്വാർത്ഥവുമില്ലാത്ത (അഹൈതുകിയായ) ഭക്തിയുണ്ടാവണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.

    ശ്ലോകം 5

    അയി നന്ദ-തനുജ കിങ്കരം / പതിതം മാം വിഷമേ ഭവാമ്ബുധൗ । കൃപയാ തവ പാദ-പങ്കജ / സ്ഥിത-ധൂലി-സദൃശ്യം വിചിന്തയ ॥

    അർത്ഥം: ഹേ നന്ദനന്ദനാ (കൃഷ്ണാ)! ഞാൻ അങ്ങയുടെ നിത്യദാസനാണ്, എങ്കിലും എന്റെ കർമ്മഫലമായി ഈ ഘോരമായ ജനനമരണ സംസാരസാഗരത്തിൽ ഞാൻ വീണുപോയിരിക്കുന്നു. എന്നോട് ദയ തോന്നി എന്നെ അങ്ങയുടെ പാദപത്മങ്ങളിലെ ഒരു പൊടിപടലമായി കരുതി സ്വീകരിക്കേണമേ.

    ശ്ലോകം 6

    നയനം ഗലദ്-അശ്രു-ധാരയാ / വദനം ഗദ്ഗദ-രുദ്ധയാ ഗിരാ । പുലകൈർ നിചിതം വപുഃ കദാ / തവ നാമ-ഗ്രഹണേ ഭവിഷ്യതി ॥

    അർത്ഥം: ഹേ പ്രഭോ! അങ്ങയുടെ തിരുനാമം ഉച്ചരിക്കുമ്പോൾ എന്ന് എന്റെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർധാര ഒഴുകും? ആനന്ദം കൊണ്ട് എപ്പോൾ എന്റെ വാക്കുകൾ തൊണ്ടയിൽ മുറിയും? അങ്ങയുടെ നാമം ജപിക്കുമ്പോൾ എന്ന് എന്റെ ശരീരം മുഴുവൻ രോമാഞ്ചമണിയും?

    ശ്ലോകം 7

    യുഗായിതം നിമേഷേണ / ചക്ഷുഷാ പ്രാവൃഷായിതമ് । ശൂന്യായിതം ജഗത് സർവം / ഗോവിന്ദ-വിരഹേണ മേ ॥

    അർത്ഥം: ഹേ ഗോവിന്ദാ! അങ്ങയുടെ വിരഹത്താൽ എനിക്ക് ഒരു ക്ഷണനേരംപോലും ഒരു യുഗം പോലെ നീളുന്നതായി തോന്നുന്നു, മഴക്കാലത്തെ ധാരപോല എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു, ലോകം മുഴുവനും ശൂന്യമായി തീർന്നതുപോലെ എനിക്കനുഭവപ്പെടുന്നു.

    ശ്ലോകം 8

    ആശ്ലിഷ്യ വാ പാദ-രതാം പിനഷ്ടു മാം / അദർശനാന് മർമ-ഹതാം കരോതു വാ । യഥാ തഥാ വാ വിദധാതു ലമ്പടോ / മത്-പ്രാണ-നാഥസ് തു സ ഏവ നാപരഃ ॥

    അർത്ഥം: ഭഗവാൻ ശ്രീകൃഷ്ണൻ എന്നെ ആലിംഗനം ചെയ്യുകയോ അല്ലെങ്കിൽ കാണാമറയത്ത് നിന്ന് എൻറെ ഹൃദയം തകർക്കുകയോ ചെയ്യട്ടെ. തികച്ചും സ്വതന്ത്രനായ അവന് എന്നോട് എന്തുവേണമെങ്കിലും പ്രവർത്തിക്കാൻ അധികാരമുണ്ട്. എന്ത് സംഭവിച്ചാലും, അവനാണ് എൻറെ പ്രാണനാഥൻ, മാറ്റാരുമല്ല.

    Lord Jagannath Baladeva Subhadra deities temple darshan
    Srila Prabhupada founder ISKCON spiritual master portrait